കനത്തമഴയില്‍ റോഡ് തകര്‍ന്നു; 72കാരിയെ നാലുകിലോമീറ്റര്‍ ദൂരം തോളിലേറ്റി ആശുപത്രിയിലെത്തിച്ച് നാട്ടുകാര്‍


പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കര്‍ണാടകയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റുവഴികള്‍ ഇല്ലാതെ 72കാരിയെ നാലുകിലോമീറ്റര്‍ തോളിലേറ്റി നാട്ടുകാര്‍. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടതോടെയാണ് വയോധികയെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ ഈ മാര്‍ഗം സ്വീകരിച്ചത്.

ചിക്കമംഗളൂരു ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. കനത്തമഴയെ തുടര്‍ന്ന് റോഡ് തകര്‍ന്ന് ഗ്രാമം ഒറ്റപ്പെടുകയായിരുന്നു. അതിനിടെയാണ് 72കാരിയായ ലക്ഷ്മിയുടെ ആരോഗ്യനില മോശമായത്. തുടര്‍ന്ന് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെ വന്നതോടെ തോളിലേറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുകായിരുന്നു. നാലു കിലോമീറ്റര്‍ ദൂരമാണ് നാട്ടുകാര്‍ ലക്ഷ്മിയെ തോളിലേറ്റിയത്.

കലസ വന്യജീവി സങ്കേതത്തിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. നാലുകിലോമീറ്റര്‍ ദൂരം തോളിലേറ്റിയ ശേഷം വാഹനഗതാഗതമുള്ള സ്ഥലത്ത് നിന്ന് വാഹനത്തില്‍ കയറ്റി വയോധികയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗ്രാമത്തിലേക്ക് വന്യജീവി സങ്കേതം വഴി റോഡ് നിര്‍മ്മിക്കുന്നതിന് വനംവകുപ്പ് എതിര് നില്‍ക്കുന്നതാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു