ഋഷഭ് പന്തിനും സഞ്ജുവിനും എന്തിന് ക്യാപ്റ്റന്‍സി നല്‍കി? ഫൈനലില്‍ കടന്ന നായകന്മാരെ ചൂണ്ടി മഞ്ജരേക്കര്‍ 


 

ദുബായ്: സഞ്ജു സാംസണ്‍, ഋഷഭ് പന്ത് എന്നിവരെ ക്യാപ്റ്റന്മാരാക്കിയത് ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഫൈനലില്‍ എത്തിയ രണ്ട് ടീമുകളുടേയും ക്യാപ്റ്റന്മാരെ ചൂണ്ടിയാണ് മഞ്ജരേക്കറുടെ പ്രതികരണം. 

പരിചയസമ്പന്നരായ ക്യാപ്റ്റന്മാര്‍ നയിച്ച രണ്ട് ടീമുകളാണ് ഫൈനലില്‍ എത്തിയത്, മോര്‍ഗനും എംഎസ് ധോനിയും. ട്വന്റി20 സ്‌പെഷ്യലിസ്റ്റ് ബൗളറേയും ബാറ്റ്‌സ്മാനേയും നോക്കുന്നത് പോലെ ട്വന്റി20 സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റന്‍മാരിലേക്കും നോക്കേണ്ട സമയമായി.ഋഷഭ് പന്തിനും സഞ്ജുവിനും ശ്രേയസിനുമെല്ലാം നായകത്വം നല്‍കിയത് എങ്ങനെയെന്ന് എനിക്ക് മനസിലാവുന്നില്ല, മഞ്ജരേക്കര്‍ പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നോക്കു. അവര്‍ക്ക് പോരായ്മകളുണ്ട്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ നിന്ന് അവരുടെ ഏറ്റവും മികവ് കണ്ടെത്താന്‍ ധോനിക്ക് കഴിയുന്നു. സഞ്ജുവും പന്തുമാവട്ടെ അവരുടെ കളി തന്നെ മിനുക്കി എടുക്കേണ്ട ഘട്ടത്തിലാണ് എന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാണിക്കുന്നു. 

24 വയസിലാണ് ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായത്. ഐപിഎല്ലില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് പന്ത്. ശ്രേയസ് അയ്യറിന് പരിക്കേറ്റതോടെയാണ് പതിനാലാം സീസണില്‍ ഋഷഭ് പന്ത് നായകനായത്. 

യുഎഇയില്‍ സീസണ്‍ പുനരാരംഭിച്ചപ്പോഴേക്കും ശ്രേയസ് അയ്യര്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ പന്തുമായി തന്നെ മുന്‍പോട്ട് പോകാനാണ് ഡല്‍ഹി തീരുമാനിച്ചത്. അടുത്ത സീസണില്‍ ശ്രേയസിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഡല്‍ഹി തിരികെ കൊണ്ടുവരുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു