135 റണ്‍സ് മറികടന്നാല്‍ കൊല്‍ക്കത്ത ഐപിഎല്‍ ഫൈനലില്‍


ശിഖര്‍ ധവാന്റെ വിക്കറ്റ് വീഴ്ത്തിയെ വരുണ്‍ ചക്രവര്‍ത്തിയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ image credi: IndianPremierLeague

 

ഷാര്‍ജ: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുത്തു. ശിഖര്‍ ധവാനാണ് ടോപ്‌സ്‌കോറര്‍. രണ്ട് സിക്‌സും, ഒരു ഫോറുമള്‍പ്പടെ 39 പന്തില്‍ നിന്ന് ധവാന്‍ 36 റണ്‍സ് നേടി

കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് ഡല്‍ഹിയെ ചെറിയ സ്‌കോറിന് ഒതുക്കിയത്. ഡല്‍ഹിയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ നാലോവറില്‍ 32 റണ്‍സെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഷായെ മടക്കി വരുണ്‍ ചക്രവര്‍ത്തി ഡല്‍ഹിയെ തളര്‍ത്തി. 12 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത താരത്തെ വരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 

ഷായ്ക്ക് പകരം ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസാണ് ക്രീസിലെത്തിയത്. സ്‌റ്റോയിനിസും ധവാനും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ ഡല്‍ഹി റണ്‍റേറ്റ് ഇടിഞ്ഞു. ആദ്യ പത്തോവറില്‍ 65 റണ്‍സ് മാത്രമാണ് ടീമിന് നേടാനായത്. സ്‌കോര്‍ 71 ല്‍ നില്‍ക്കേ 23 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത സ്‌റ്റോയിനിസിന്റെ കുറ്റി പിഴുതെടുത്ത് ശിവം മാവി ഡല്‍ഹിയുടെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. സ്‌റ്റോയിനിസിന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രേയസ് ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല. 

15ാം ഓവറിലെ ആദ്യ പന്തില്‍ ശിഖര്‍ ധവാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പിന്നാലെ വന്ന ഡല്‍ഹി നായകന്‍ ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ആറ് റണ്‍സ് മാത്രമെടുത്ത പന്തിനെ ലോക്കി ഫെര്‍ഗൂസന്‍ രാഹുല്‍ ത്രിപാഠിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഡല്‍ഹി 15.2 ഓവറില്‍ 90 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. 

പന്തിന് പകരം വന്ന ഷിംറോണ്‍ ഹെറ്റ്‌മെയറെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയെങ്കിലും അമ്പയര്‍ നോബോള്‍ വിളിച്ചു. ഫ്രീഹിറ്റ് ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചില്ല. 17.1 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. പിന്നാലെ രണ്ട് സിക്‌സടിച്ച് ഹെറ്റ്‌മെയര്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 19ാം ഓവറില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച ഹെറ്റ്‌മെയറെ വെങ്കടേഷ് അയ്യര്‍ റണ്‍ ഔട്ടാക്കി. 10 പന്തുകളില്‍ നിന്ന് 17 റണ്‍സാണ് താരം നേടിയത്.
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു