സൂരജിന് ലഭിച്ച ശിക്ഷ പോരാ, ഉത്രയുടെ പിതാവ് നിയമപോരാട്ടത്തിന്കൊല്ലം: സ്വത്തുക്കള്‍ മുഴുവന്‍ ഏതാണ്ട് തട്ടിയെടുത്ത ശേഷമാണ് മകളെ സൂരജ് വകവരുത്തിയതെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍. സാധാരണ മനുഷ്യരില്‍ നിന്നും വിഭിന്നമായി പ്രവൃത്തികളില്‍ വേഗതക്കുറവ് എന്ന പ്രത്യേക അവസ്ഥയുള്ള മകളെ വിവാഹം ചെയ്ത് നല്‍കുമ്പോള്‍ കൃത്യമായി ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം സൂരജിനെയും വീട്ടുകാരെയും അറിയിച്ചിരുന്നു. എന്നിട്ടും പണത്തിന് വേണ്ടി മകളെ വകവരുത്തി. ഒടുവില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അപ്പോഴും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലയില്‍ വധശിക്ഷ മാത്രം നല്‍കിയില്ല. ഈ വിധിക്കെതിരെയാണ് ഇനി വിജയസേനന്‍ നിയമ പോരാട്ടത്തിന് ഇറങ്ങുക.

Read Also : തൂക്കിക്കൊല്ലാൻ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ്: കോടതി വിധിയെ സ്വാഗതം ചെയ്ത് വാവ സുരേഷ്

ഉത്രവധക്കേസിലെ കോടതി വിധി അപര്യാപ്തമാണെന്നും തൃപ്തയല്ലെന്നും ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് വിവാഹാലോചനയുമായെത്തിയത്. മകളുടെ കുറവുകള്‍ അവളുടെ ഭാവിജീവിതത്തിന് തടസമാകരുതെന്നു കരുതിയാണ് സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവന്‍ സ്വര്‍ണ്ണാഭരണവും നല്‍കിയത് . സൂരജ് ആവശ്യപ്പെട്ടതനുസരിച്ച് പുത്തന്‍ ബലേനോ കാറും ഒപ്പംനല്‍കി. മൂന്നേക്കര്‍ റബ്ബര്‍ എസ്റ്റേറ്റ് അടക്കമുള്ള വസ്തുക്കളും മകള്‍ക്കായി കരുതിയിരുന്നു. എന്നാല്‍ സ്വത്ത് മോഹിച്ചാണ് ഇവര്‍ വിവാഹത്തിന് തയ്യാറായതെന്ന് പിന്നീട് വ്യക്തമായി.

മകള്‍ക്ക് ഒരു കുറവും ഉണ്ടാകാതെ അവര്‍ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് ആവശ്യപ്പെടുമ്പോഴെല്ലാം സാമ്പത്തിക സഹായം നല്‍കിയത്. ഉത്ര മരിക്കുന്നതിന് മുമ്പ് രണ്ടുവര്‍ഷത്തിനിടെ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് താന്‍ മകളുടെ ഭര്‍തൃ വീട്ടുകാര്‍ക്ക് നല്‍കിയതെന്നും വിജയസേനന്‍ വെളിപ്പെടുത്തിയിരുന്നു. നൂറോളം ചെറുപ്പക്കാരടങ്ങുന്ന ഒരു ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് പിന്നീട് വിജയ സേനന്‍ തിരിച്ചറിഞ്ഞിരുന്നു.

സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലെ വാഹന ലോണുകള്‍ തിരിച്ചുപിടിക്കാന്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളിലൊരാളാണ് സൂരജെന്ന് ഉത്ര കൊല്ലപ്പെടുന്നതിന് നാലു മാസം മുന്‍പാണ് അറിഞ്ഞതെന്ന് വിജയസേനന്‍ പറയുന്നു. എന്നിട്ടും മകളുടെയും കുഞ്ഞിന്റെയും ഭാവിയെ കരുതി യാതൊരു പരാതിയും പറയാതെ സാമ്പത്തിക സഹായം നല്‍കുന്നത് തുടര്‍ന്നു. എന്നിട്ടും തന്റെ മകള്‍ക്ക് ഈ ഗതി വന്നു. ഒരു കുട്ടി ആയതോടെയാണ് തന്റെ മകളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായി അയാള്‍ ഈ കടുംകൈ ചെയ്തതെന്ന് ഉത്രയുടെ പിതാവ് പറയുന്നു.

 

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു