ധോനി ഇന്ത്യന്‍ ടീമിന്റെ മെന്ററാവുന്നത് പ്രതിഫലം വാങ്ങാതെ: സൗരവ് ഗാംഗുലി 


ധോനി, ​ഗാം​ഗുലി/ഫയൽ ചിത്രം

 

മുംബൈ: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിന്റെ മെന്ററാവുന്ന ധോനി ഈ പദവിയില്‍ പ്രതിഫലം കൈപ്പറ്റുന്നില്ല. പ്രതിഫലമില്ലാതെയാണ് ധോനി ഈ ചുമതല ഏറ്റെടുത്തിരിക്കുന്നത് എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. 

ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇക്കാര്യം സ്ഥിരീകരിച്ചു. ടീമിന് വേണ്ടിയുള്ള ധോനിയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ജയ് ഷാ പറഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ധോനിയുടെ പരിചയസമ്പത്തും തന്ത്രങ്ങളും മുന്‍പില്‍ കണ്ടാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഒക്ടോബര്‍ 17നാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മറ്റൊരു ഐസിസി കിരീടം സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടില്ല. ട്വന്റി20 ലോകകപ്പിന് ശേഷം നായക സ്ഥാനം ഒഴിയും എന്ന് കോഹ് ലിയും വ്യക്തമാക്കിയിട്ടുണ്ട്. 

2007ലെ ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ധോനി കിരീടത്തിലേക്ക് എത്തിച്ചത് പോലെ ഇത്തവണയും അങ്ങനെയൊന്ന് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. 

ഇന്ത്യക്കായി 90 ടെസ്റ്റും 350 ഏകദിനവും 98 ട്വന്റി20യും കളിച്ച താരമാണ് ധോനി. ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും ഏകദിനത്തില്‍ 10773 റണ്‍സും ട്വന്റി20യില്‍ 1617 റണ്‍സും ധോനിയുടെ അക്കൗണ്ടിലുണ്ട്. 
 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു