ഛേത്രി നയിച്ചു ; പെലെയെ മറികടന്ന് മെസിക്കരികെ
ഫെെനലിൽ ശനിയാഴ്ച നേപ്പാൾ

മാലി

സുനിൽ ഛേത്രി ഒരിക്കൽക്കൂടി രക്ഷകനായി. ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർതാരമെന്ന് ഉറപ്പിച്ച് ഛേത്രി വീണ്ടും മിന്നിയപ്പോൾ ഇന്ത്യ സാഫ് കപ്പ് ഫുട്ബോൾ ഫെെനലിലേക്ക് മുന്നേറി. ഇരട്ടഗോളുമായാണ് ഛേത്രി  നയിച്ചത്. രാജ്യാന്തര ഫുട്ബോളിൽ 79 ഗോളായി. ബ്രസീൽ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്നു. പെലെയ്ക്ക് 77 ഗോളായിരുന്നു. അർജന്റീന താരം ലയണൽ മെസിയേക്കാൾ ഒരു ഗോൾമാത്രം പിന്നിൽ. മാലദ്വീപിനെ 3–1ന് തോൽപ്പിച്ചാണ് ഇന്ത്യ ഫെെനലിൽ കടന്നത്. ഒരു ഗോൾ മൻവീർ സിങ്ങിലൂടെ നേടി. ശനി രാത്രി 8.30ന്‌ നടക്കുന്ന ഫെെനലിൽ നേപ്പാളാണ് എതിരാളി.

മൻവീർ സിങ്ങിന്റെ ഗോളിൽ കളിയുടെ അരമണിക്കൂറിൽത്തന്നെ ഇന്ത്യ മുന്നിലെത്തി. എന്നാൽ, സ്വന്തം കാണികൾക്കുമുന്നിൽ തകർപ്പൻ പ്രകടനം നടത്തിയ മാലദ്വീപ് ഉടൻ തിരിച്ചുവന്നു. പെനൽറ്റിയിലൂടെ അഷ്ഫാഖ്  ഒപ്പമെത്തിച്ചു.ഫെെനലിൽ കടക്കാൻ ജയം അനിവാര്യമായിരുന്നു ഇന്ത്യക്ക്. രണ്ടാംപകുതിയിൽ ഛേത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ കുതിച്ചു. 62–ാം മിനിറ്റിൽ കാത്തിരുന്ന ഗോളെത്തി. മൻവീർ സിങ്ങിന്റെ നീക്കത്തിൽ ഛേത്രിയുടെ ഒന്നാന്തരം ഷോട്ട്. മാലദ്വീപ് ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനായില്ല.10 മിനിറ്റിനുള്ളിൽ മുപ്പത്തേഴുകാരൻ ഹെഡറിലൂടെ നേട്ടം രണ്ടാക്കി.

നിലവിൽ രാജ്യാന്തര ഫുട്‌ബോളിൽ കളിക്കുന്നവരിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയുംമാത്രമേ ഛേത്രിക്ക് മുന്നിലുള്ളൂ. റൊണാൾഡോയ്ക്ക് 115 ഗോളായി. മെസിക്ക് 80ഉം. ആകെ ഗോൾ വേട്ടക്കാരിൽ ആറാംസ്ഥാനത്താണ് ഛേത്രി. 124 മത്സരങ്ങളിൽനിന്നാണ് നേട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾമറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു